പണിയെടുക്കാതെ പണമുണ്ടാക്കുന്ന ഫേസ്ബുക്ക്
നാലു വർഷംകൊണ്ട് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനായി മാറിയ മാർക്ക് സക്കർബെർഗ് നെക്കുറിച്ച് അല്പം അസൂയയോടെയല്ലാതെ നമുക്ക് സംസാരിക്കാൻ സാധിക്കില്ല. നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന ഫേസ്ബുക്കാണ് അദ്ദേഹത്തിന് ഈ പദവിയിലെത്താൻ സഹായിച്ചത്. എന്നാൽ നമുക്ക് സൌജന്യമായി സേവനങ്ങൾ എല്ലാം നൽകുന്ന ഫേസ്ബുക്ക് പിന്നെ എങ്ങനെയാണ് സക്കർബെർഗിന് പണമുണ്ടാക്കാൻ സഹായിക്കുന്നത്? നമുക്ക് ഒന്ന് പരിശോധിക്കാം.
8 വർഷം കൊണ്ട് ഫേസ്ബുക്കിന് ഉണ്ടായ വളർച്ച ആരെയും അമ്പരിപ്പിക്കുന്നതാണ്. 2004 ഇൽ തുടങ്ങിയ ഫേസ്ബുക്ക് ഒന്നുമില്ലായ്മയിൽ നിന്ന് 900 മില്ല്യൺ ഉപയോക്താക്കൾ എന്ന മാസ്മരികമായ നിലയിലേക്കാണ് വളർന്നെത്തിയത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റാണ് ഫേസ്ബുക്ക്. ഇപ്പോൾ എനിക്ക് ഏതാണ്ട് 800 ഫേസ്ബുക്ക് സുഹ്രുത്തുക്കൾ ഉണ്ട്. എന്റെ കൂടെ പഠിച്ചവരും, ഞാൻ പലപ്പോഴായി പരിചയപ്പെട്ടവരും, ബന്ധുക്കളും എല്ലാം ഉണ്ട് ഇതിൽ. സോഷ്യൽ നെറ്റ്വർക്കിങ്ങ് എന്ന ഈ ആശയം ഇല്ലായിരുന്നെങ്കിൽ ഈ കൂട്ടത്തിൽ എത്ര പേരുമായി എനിക്ക് സൌഹ്രദം നിലനിർത്താൻ സാധിക്കുമായിരുന്നു? ഒരിക്കൽ നഷ്ടപ്പെട്ട സുഹ്രുത്തുക്കളെ എന്നെങ്കിലും എനിക്ക് തിരിച്ചു കിട്ടുമായിരുന്നോ? ഇന്നും എന്റെ ഈ ലിസ്റ്റ് പൂർണ്ണമാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. ദിവസവും പുതിയ പുതിയ റിക്വസ്റ്റുകൾ എനിക്ക് വന്നുകൊണ്ടിരിക്കുന്നു. ഇത് എന്ന് അവസാനിക്കും എന്നാണെങ്കിൽ ഉത്തരം പറയാൻ അല്പം ബുദ്ധിമുട്ട്ണ്. ഇന്നും ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാത്ത നിരവധി സുഹ്രുത്തുക്കൾ എനിക്കുണ്ട്. അതായത് ഇനിയും കുറേ കാലം കൂടി ഫേസ്ബുക്കിന്റെ ഈ വളർച്ച തുടരും എന്നു തന്നെ കരുതണം.
പുതിയ സുഹ്രുത്തുകളെ കണ്ടുപിടിക്കാനായി നാം നമ്മുടെ വ്യക്തിഗത വിവരങ്ങൾ എല്ലാം തന്നെ യാതൊരു മടിയുമില്ലാതെ ഫേസ്ബുക്കിലും, മറ്റ് സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളിലും നൽകാൻ തയ്യാറാകുന്നു. ഈ വ്യക്തിഗത വിവരങ്ങളാണ് ഈ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകൾക്ക് പണമുണ്ടാക്കാൻ സഹായിക്കുന്നത്. വെബ്പേജ് ഉൾപ്പെടെ നമുക്കാവശ്യമായ എല്ലാ സേവനങ്ങളും സൌജന്യമായി നൽകുമ്പോഴും ഈ കമ്പനികൾ അതിനുള്ള പണം കണ്ടെത്തുന്നത് നമ്മെപോലുള്ള ഉപയോക്താക്കളുടെ വിവരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുക വഴിയാണ്. എന്നാൽ നമ്മുടെ ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് കരുതി പേടിക്കണ്ട. നമുക്ക് വേണ്ടി പേഴ്സണലൈസഡ് പരസ്യങ്ങൾ തയ്യാറാക്കാനും പ്രദർശിപ്പിക്കാനും ആണ് ഈ വിവരങ്ങൾ ഉപയോഗിക്കുന്നത്. അതായത് ഒരു വ്യക്തിക്ക് ആവശ്യമുള്ള വസ്തുക്കളുടെ പരസ്യം നൽകുമ്പോഴാണല്ലോ അത് എറ്റവും ഫലപ്രദമാകുന്നത്. അതിനാൽ ഒരാളെക്കുറിച്ച് വ്യക്തമായി മനസിലാക്കിയതിനു ശേഷം പരസ്യങ്ങൾ നൽകാൻ ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമാണ് ഫെസ്ബുക്ക് എന്നു സാരം. നമ്മളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുമ്പോൾ നാം വലതു വശത്തായി കാണുന്ന ചെറിയ കോളങ്ങൾ ഇത്തരത്തിൽ ഉള്ള പരസ്യങ്ങളാണ്. ഒപ്പം സ്പോൺസേർഡ് സ്റ്റോറി എന്ന പേരിൽ നമ്മുടെ സുഹ്രുത്തുക്കളുടെ അപ്ഡേറ്റുകളുടെ കൂടെ കാണിക്കുന്ന വിവരങ്ങളും ഇത്തരം പരസ്യ തന്ത്രത്തിന്റെ ഭാഗമാണ്.
പരസ്യങ്ങൾ മാത്രമല്ല ഫേസ്ബുക്കിന്റെ വരുമാന മാർഗ്ഗം. അവസാന വർഷം ഫേസ്ബുക്കിന്റെ വരുമാനത്തിന്റെ 12 ശതമാനം ലഭിച്ചത് അതിലെ ഗെയിമുകളിൽ നിന്നാണ്. അതായത് ഫാംവില്ലെ പോലുള്ള ഗെയിമുകളിൽ നാം പണം കൊടുത്ത് വാങ്ങിയ ക്രെഡിറ്റുകളിൽ നിന്ന് ഫേസ്ബുക്ക് സമ്പാദിച്ചത് 480 മില്യൺ ഡോളറാണ്. തുടർ വർഷങ്ങളിൽ ഇതിലും കൂടിയ വളർച്ചയാണ് ഈ മേഖലയിൽ നിന്ന് കമ്പനി പ്രതീക്ഷിക്കുന്നത്.
ഫേസ്ബുക്കിന്റെ ഭാവി അത്ര ശോഭനമാണെന്ന് തീർത്ത് പറയാൻ നമുക്ക് സാധിക്കില്ല. ചില പ്രതിസന്ധികൾ ഫേസ്ബുക്ക് ഇപ്പോൾ തന്നെ നേരിടിന്നുണ്ട്. വർധിച്ചുവരുന്ന മൊബൈൽ ഉപഭോക്താക്കാളുടെ എണ്ണമാണ് അതിലൊന്ന്. കാരണം കമ്പ്യൂട്ടർ വഴി ഫേസ്ബുക്ക് പേജ് ആക്സസ്സ് ചെയ്യുമ്പോൾ മാത്രമേ ഇപ്പോൾ പരസ്യങ്ങൾ കാണിക്കാൻ സാധിക്കൂ. ഫേസ്ബുക്ക് പരസ്യങ്ങൾ ചെറിയ സ്ക്രീൻ വഴിയുള്ള മൊബൈൽ ഉപഭോക്താക്കൾക്ക് അത്ര അനുയോജ്യമല്ല തന്നെ. മറ്റൊരു കാര്യം 8 വർഷമേ ആയിട്ടുള്ളു എങ്കിലും, ഇന്റർനെറ്റ് ലോകത്ത് ഫേസ്ബുക്കിന് പ്രായമായി. ഇപ്പോൾ തന്നെ ഫേസ്ബുക്കിൽ പുതുമ നഷ്ടപ്പെട്ട പഴയ ഉപയോക്താക്കൾ സമയം ചിലവഴിക്കാൻ മറ്റ് മേച്ചിൽപുറങ്ങൾ തേടി പോയിത്തുടങ്ങി എന്ന് ചില സർവ്വേകൾ വെളിപെടുത്തുന്നു. നിലവിൽ ഗൂഗിൾ+ ഫേസ്ബുക്കിന് ഒരു ഭീഷണി ആയിട്ടില്ലെങ്കിലും ഭാവിയിൽ അത്തരം ഒരു സാധ്യത തള്ളികളയാൻ ആകില്ല. ഈ കാരണങ്ങൾ കൊണ്ടാണ് 38$ നു അമേരിക്കൻ ഓഹരിവിപണിയിൽ ഇഷ്യൂ ചെയ്ത ഫേസ്ബുക്ക് ഓഹരികൾ 31$ എന്ന നിലയിലേക്ക് കുപ്പുകുത്തിയത്. ഏതായാലും ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഇത്ര മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു കമ്പനിയും ലോക ചരിത്രത്തിൽ ഉണ്ടാകില്ല. അതിനാൽ അവരുടെ ഭാവി പദ്ധതികളും മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കാം.